മാവേലിക്കര: മാജിക്കല്‍ നമ്പരായ 9,9,9,1 എന്ന കക്ഷിനിലയില്‍ നിന്ന് ആര് ഇത്തവണ നഗരസഭയുടെ ഭരണചക്രം തിരിക്കുമെന്ന തരത്തിലുള്ള ശക്തമായ പോരാട്ടമാണ് മാവേലിക്കരയില്‍ നടക്കുന്നത്. ആര്‍ക്കും വ്യക്തമായ മുന്‍തൂക്കമില്ലാത്ത നഗരസഭാ ഭരണം പിടിക്കാനുള്ള നെട്ടോട്ടമാണ് മുന്നണികള്‍ നടത്തുന്നത്.
നഗരസഭ നിലവില്‍ വന്നതിനു ശേഷം കോണ്‍ഗ്രസായിരുന്നു ദീര്‍ഘകാലം ഭരിച്ചിരുന്നത്. ആറു വര്‍ഷം സിപിഎമ്മും അധികാരത്തില്‍ ഏറിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും തുല്യ ശക്തികളായി നഗരസഭയില്‍ ഒന്‍പത് അംഗങ്ങള്‍ വീതം മൂന്ന് മുന്നണിക്കും ലഭിച്ചു. സിപിഎം വിമതനായി ജയിച്ചുവന്ന കെ.വി.ശ്രീകുമാര്‍ യുഡിഎഫിനോടൊപ്പം നിലകൊണ്ടതോടെ യുഡിഎഫ് ഭരണം പിടിച്ചെടുത്തു.
നാലേകാല്‍ വര്‍ഷം ശ്രീകുമാര്‍ ചെയര്‍മാനായി തുടര്‍ന്നു. ഒടുവില്‍ അവിശ്വാസത്തിലൂടെ യുഡിഎഫ് ശ്രീകുമാറിനെ പുറത്താക്കി. തുടര്‍ന്ന് എല്‍ഡിഎഫ് ഘടകകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ബിനു വര്‍ഗീസിന്റെ പിന്തുണയില്‍ കോണ്‍ഗ്രസിലെ നൈനാന് സി.കുറ്റിശേരില്‍ ചെയര്‍മാനായി.
ഭരണത്തുടര്‍ച്ചയ്ക്കായി യുഡിഎഫ് വോട്ട് ചോദിക്കുമ്പോള്‍ അഞ്ചു വര്‍ഷത്തെ വികസന മുരടിപ്പാണ് എല്‍ഡിഎഫിന്റെ പ്രചാരണം. ഇരുമുന്നണികളുടെയും കാലയളവിലെ അഴിമതിയാണ് ബിജെപിയുടെ പ്രചാരണത്തിലുള്ളത്.
1901ലെ മൂന്നാം റഗുലേഷന് ആക്ട് അനുസരിച്ചാണ് മാവേലിക്കരയില്‍ ഒരു ഭരണസംവിധാനത്തിനു തുടക്കം കുറിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ 1912ല്‍ മാവേലിക്കര ടൗണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റി നിലവില്‍ വന്നു. തെക്കേ കൊട്ടാരത്തില്‍ ഉദയവര്മയാണ് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ചെയര്മാന് 1922വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു.
1920ല്‍ മാവേലിക്കരയെ നഗരസഭയാക്കി ഉയര്‍ത്തി. നഗരസഭയുടെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ചെയര്മാന് ചിത്രകാരന് രാജാ രവിവര്‍മയുടെ മകന് ആര്‍ട്ടിസ്റ്റ് രാമവര്‍മ രാജയാണ് പത്തുവര്‍ഷം അദ്ദേഹം സ്ഥാനത്ത് തുടര്‍ന്നു. 1932 മുതല്‍ ഒരു വര്‍ഷക്കാലം കൊപ്പാറ വടക്കേതില്‍ ഗോവിന്ദന് തമ്പി ചെയര്‍മാനായി. 1937ല്‍ മാവേലിക്കരയ്ക്ക് മുനിസിപ്പാലിറ്റി സ്ഥാനം നഷ്ടമായി. ശ്രീചിത്തിരതിരുനാള്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗമായിരുന്ന കൊച്ചിക്കല്‍ കൃഷ്ണന് തമ്പി, എം.എന്‍.ഗോവിന്ദന്‍നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഫലമായി 1942ല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥാനം പുനഃസ്ഥാപിച്ചു.
1942ല്‍ അഡ്വ. കെ. രാമവര്‍മ ചെയര്‍മാനായി. 1943ല്‍ അദ്ദേഹം രാജിവച്ചതിനെത്തുടര്‍ന്ന് പോളച്ചിറയ്ക്കല്‍ പി.സി.കോശി ചെയര്‍മാനായി. 1946ല്‍ ഓണമ്പള്ളില്‍ അഡ്വ.ആര്.ബാലകൃഷ്ണപിള്ള ചെയര്‍മാനായി. എം.ഡാനിയേല്‍ (1953-56), എസ്. കുളത്തു അയ്യര്‍ (1956-61), പോളച്ചിറയ്ക്കല്‍ പി.സി.കോശി (1962-68), എസ്.എസ്. പിള്ള (1968-79), പി.സി.നൈനാന് പോളച്ചിറയ്ക്കല്‍ (1979-84), 1984ല്‍ തെരഞ്ഞെടുപ്പു നടക്കാതിരുന്നതിനാല്‍ നാലു വര്‍ഷക്കാലം ചെങ്ങന്നൂര്‍ ആര്‍ഡിഒയുടെ ചുമതലയിലാണ് ഭരണകാര്യങ്ങള്‍ നടന്നത്.
കോണ്‍ഗ്രസിലെ പടലപ്പിണക്കത്തെത്തുടര്‍ന്ന് 2004ല്‍ ആദ്യമായി സിപിഎമ്മിന് അധ്യക്ഷ സ്ഥാനം ലഭിച്ചു. കെ.ബാലചന്ദ്രനാണ് സിപിഎമ്മിന്റെ ആദ്യ ചെയര്മാന്. അപകടത്തില്‍ ഇദ്ദേഹം മരിച്ചതിനെത്തുടര്‍ന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായ പി.കെ. മഹേന്ദ്രന് ചെയര്‍മാനായി. 2005ല്‍ കോണ്‍ഗ്രസിലെ ലളിതാ രവിന്ദ്രനാഥും തുടര്‍ന്ന് എസ്.ബിന്ദുവും ചെയര്‍പേഴ്സണ്‍മാരായി. 2010ല്‍ കോണ്‍ഗ്രസിലെ അഡ്വ.കെ. ആര്. മുരളിധരന് ചെയര്‍മാനായി. അവിശ്വാസത്തത്തുടര്ന്ന് മുരളീധരന് പുറത്തായതോടെ 2014ല്‍ സിപിഎമ്മിലെ ലീലാ അഭിലാഷ് ചെയര്‍പേഴ്സണായി. 2015ല്‍ എല്‍ഡിഎഫ് ഭൂരിപക്ഷം ലഭിച്ചതോടെ ലീലാ അഭിലാഷ് വീണ്ടും ചെയര്‍പേഴ്സണായി.
നിലവില്‍ കോണ്ഗ്രസിലെനൈനാന് സി. കുറ്റിശേരിയാണ് ചെയര്മാന്.
കക്ഷിനില: കോണ്‍ഗ്രസ്-9, ബി.ജെ.പി-9,സി.പി.എം-8, ജനാധിപത്യ കോണ്‍ഗ്രസ്-1, സ്വതന്ത്രന്-1.
ആറു മാസം മുന്‍പ് നടന്ന ചെയര്മാന് തെരഞ്ഞെടുപ്പോടെ ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം കോണ്‍ഗ്രസിനോടൊപ്പവും, സ്വതന്ത്രന് സിപിഎമ്മിനോടൊപ്പവും ചേര്‍ന്നു.
ആകെയുള്ള 28 സീറ്റില്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസ് 24, കേരള കോണ്‍ഗ്രസ്-2, കേരള കോണ്‍ഗ്രസ് (ജേക്കബ്), ആര്.എസ്.പി -ഓരോ സീറ്റിലും മത്സരിക്കുന്നു. എല്‍ഡിഎഫില്‍ സിപിഎം- 21 സീറ്റിലും, സി.പി.ഐ-5, കേരള കോണ്‍ഗ്രസ്-എം -2 സീറ്റുകളിലും മത്സരിക്കുന്നു. എന്‍.ഡി.എയില്‍ ബി.ജെ.പി മാത്രം 28 സീറ്റിലും മത്സരിക്കുന്നു.